മലപ്പുറം: ആന്ധ്രപ്രദേശിൽ നിന്ന് രണ്ട് കാറുകളിലായി കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി നാല് പേരെ കാളികാവ് എക്സൈസ് അറസ്‌റ്റ് ചെയ്‌തു. ഒരു കാറിന്‍റെ ഡ്രൈവർ സീറ്റിനടിയിൽ നിന്ന് രണ്ടു കിലോ കഞ്ചാവും രണ്ടാമത്തെ കാറിൽ നിന്നും ഒന്നര കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.
തിരൂരങ്ങാടി സ്വദേശി അബ്ദുൾ വഹാബ് (31) കല്ലായി സ്വദേശി പി.വി പ്രമീസ് (34) എടക്കര ഉതിരംകുളം തീക്കുന്നൻ ഡബിലേഷ് (34) ചെറുവണ്ണൂർ സ്വദേശി സറജു (37) എന്നിവരാണ് എക്‌സൈസിന്‍റെ പിടിയിലായത്. കാറും എക്‌സൈസ് കസ്‌റ്റഡിയിലെടുത്തു. മുമ്പ് മോഷണ കേസുകളിൽ പ്രതികളായിട്ടുള്ള ഇവർ ജയിലിൽ വച്ചാണ് കഞ്ചാവ് കടത്തിന് പ്ലാൻ തയ്യാറാക്കിയത്. വിശാഖപ്പട്ടണത്തിൽ നിന്നും ലോറിയിൽ ബെംഗളൂരുവില്‍ എത്തിച്ച കഞ്ചാവ് വയനാട് മുത്തങ്ങ വഴി കാറുകളിൽ കേരളത്തിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം ആവശ്യക്കാർക്ക് കൈമാറുന്നതിനിടയിലാണ് സംഘം പിടിയിലായത്.