മലപ്പുറം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി വഴിക്കടവില്‍ നൂറില്‍പരം ആളുകളെ ചികിത്സിക്കാന്‍ കഴിയുന്ന കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഒരുങ്ങുന്നു. മണിമൂളിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.
നൂറ്റമ്പതോളം പേരെ താമസിപ്പിക്കാന്‍ കഴിയാവുന്ന കെട്ടിടത്തില്‍ അറുപതോളം കട്ടിലുകളാണ് നിലവിലുള്ളത്. ബാക്കി വേണ്ടിവരുന്ന കട്ടിലുകളും ബെഡും തലയിണ അടക്കമുള്ളവയെല്ലാം കണ്ടെത്തേണ്ടതുണ്ട്. പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിന് മണിമൂളി എസ്.ബി.ഐ ബാങ്കിന്‍റെ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ജില്ല കലക്ടര്‍ അടക്കമുള്ളവര്‍ മോണിറ്ററിങ് ചെയ്യുന്ന അക്കൗണ്ടാണിതെന്നും പ്രസിഡന്‍റ് പറഞ്ഞു.