മലപ്പുറം: കാല്‍പ്പന്തിനോടുള്ള മലപ്പുറത്തിന്‍റെ സ്നേഹം ലോക പ്രശസ്തമാണ്. മൈതാനത്തെ ആവേശം ഗാലറികളിലേക്കും അവിടെ നിന്ന് മലപ്പുറത്തെ ഓരോ ആരാധകന്‍റെയും മനസിലേക്കും പടർന്നുകയറും. അങ്ങനെ കാല്‍പ്പന്ത് കളിയെ ഹൃദയം കൊണ്ട് സ്വീകരിച്ച ഒരാളുണ്ട് മലപ്പുറത്ത്. പേര് അസ്‌ലാമ്മ... നിലമ്പൂർ ഗവൺമെന്‍റ് കോളജ് ചെയര്‍പേഴ്‌സണ്‍ കൂടിയായ അസ്‌ലാമ്മ കാല്‍പ്പന്ത് ആവേശം കാൻവാസില്‍ പകർത്തുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
ഫുട്‌ബോൾ ഇതിഹാസം ലയണല്‍ മെസിയുടെ ചിത്രം വരച്ചാണ് അസ്‌ലാമ്മ ഫുട്‌ബോളിനോടുള്ള ആവേശം ചിത്രങ്ങളാക്കി മാറ്റിയത്. സംഗതി ഹിറ്റായതോടെ പിന്നെ അസ്‌ലാമ്മ തിരിഞ്ഞുനോക്കിയില്ല. ഇന്ത്യൻ താരം ആഷിക് കുരുണിയൻ, കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദ്, കെ.പി രാഹുല്‍, ഗാരി ഹൂപ്പര്‍, ജെസല്‍, നിഷു കുമാര്‍, കോസ്‌റ്റ നമോയിസു, ഹൈദരാബാദ് എഫ്.സി താരം ആകാശ് മിശ്ര എന്നിവരും അസ്‌ലാമ്മയുടെ കാൻവാസില്‍ ജീവിക്കുന്നുണ്ട്. കൂട്ടത്തില്‍ അസ്‌ലാമ്മയ്‌ക്ക് ഏറ്റവും കൂടുതല്‍ ഇഷ്‌ടം സഹലിനോടാണ്. ആ ഇഷ്‌ടം ചിത്രം കണ്ടാലും അറിയാം. സഹല്‍ ഫാൻസ് ക്ലബിലും അസ്‌ലാമ്മ അംഗമാണ്. അസ്‌ലമയുടെ ചിത്രങ്ങൾ തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്‍റെ അഭിനന്ദനവുമെത്തിയിരുന്നു. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഒഫീഷ്യല്‍ പേജില്‍ നോക്കിയാലും അസ്‌ലാമ്മയുടെ ചിത്രങ്ങള്‍ കാണാം.
രാഷ്‌ട്രീയവും, ഫുട്‌ബോളും മാത്രമല്ല കാല്‍ക്കരുത്തിലും കഴിവ് തെളിയിച്ച ഈ 20കാരി 2018 ൽ നടന്ന സംസ്ഥാന തല തൈക്കോണ്ടോ മത്സരത്തിൽ അമച്വർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് നിലമ്പൂർ പാപ്പാത്തി പാറ സ്വദേശി ഷെരിഫ് - ഖമറുന്നിസ ദമ്പതികളുടെ ഇരട്ട കുട്ടികളില്‍ ഒരാളായ അസ്‌ലാമ്മ.