മലപ്പുറം: സ്വർഗത്തിലെ 'കനി' എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കേരളത്തിലും വിളഞ്ഞു തുടങ്ങുന്നു. മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി നെയ്യത്തൂര്‍ അസ്‌കറിന്‍റെ വീട്ടിലാണ് വിയറ്റ്‌നാം സ്വദേശിയായ ഫലം വിളയിച്ചിരിക്കുന്നത്. വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങൾക്കിടയിൽ തല ഉയർത്തി നിൽക്കുകയാണ് ഗാഗ് ഫ്രൂട്ട്.
ഗാഗ് ഫ്രൂട്ടിന്‍റെ ഇലകൾക്കും ഫലത്തിനും ഔഷധഗുണമുള്ളതിനൊപ്പം വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്‍റെ രുചിയും വ്യത്യസ്‌തമാണ്. പഴം പാകമാകുന്നതു വരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും.
ആറു മാസം മുമ്പാണ് എറണാകുളത്തെ ഒരു സുഹൃത്തിൽ നിന്ന് അസ്‌കർ വിത്ത് വാങ്ങുന്നത്. ഫലം ലഭിക്കാൻ ആരംഭിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനാണ് അസ്‌കർ പദ്ധതിയിടുന്നത്. വിത്തിനും ആവശ്യക്കാർ ഏറെയാണ്.
ഒരു ചെടിയിൽ നിന്ന് വർഷങ്ങളോളം കായ്‌ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഗാഗ് ഫ്രൂട്ടിനെ ഉപയോഗിക്കുന്നുണ്ട്. പഴം മുറിച്ചാൽ കടുംചുവപ്പ് നിത്തിലാണ് അകത്തെ ചുളകൾ കാണുക.
1000 മുതൽ 1500 പണിയിൽ ഗാഗ് ഫ്രൂട്ടിന്‍റെ വില. ഇതിന്‍റെ നാല് വിത്തുകൾ അടങ്ങിയ പായ്ക്കറ്റിന് 250 രൂപയിലേറെ വിലയുമുണ്ട്. വലിയ ഒരു പഴത്തിൽ നിന്ന് ഏകദേശം 16 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. ഗാഗിന് പുറമെ വിവിധയിനം ഡ്രാഗൺ ഫ്രൂട്ടുകളും പപ്പായകളും വിവിധ ദേശങ്ങളിൽ നിന്നുള്ള വൈവിധ്യങ്ങളായ ചെറി പഴങ്ങളും മിറാക്കിൾ ഫ്രൂട്ടും അസ്‌കറിന്‍റെ മുറ്റത്തും മട്ടുപാവിലുമായി കൃഷി ചെയ്യുന്നുണ്ട്.
ട്രക്ക് ഡ്രൈവറായ അസ്‌കർ യാത്രകളിലാവുന്ന സമയത്ത് ഭാര്യ ഖൈറുന്നീസയും മറ്റ് കുടുംബാംഗങ്ങളുമാണ് ചെടികളെയും മറ്റും പരിപാലിക്കുന്നത്.
ALSO READ: പ്രശ്‌നങ്ങള്‍ കൂടുന്നു, വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിത കമ്മിഷന്‍