തിരുവനന്തപുരം: നിലമ്പൂരിൽ പ്രളയത്തിൽ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കോട്ടൂരിലെ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ. നിലമ്പൂരില്‍ നിന്നും തന്നെ എത്തിയ മൂന്നു വയസുകാരൻ മനു രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂർണ, ഒരു വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ അർജുനനൻ, എന്നിവരും കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ ഈ ഇളമുറക്കാരിക്കു കൂട്ടായി ഉണ്ട്.
കാപ്പുകാട്ടിൽ എത്തിച്ച ആനക്കുട്ടിയെ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി. ഇവിടെ ആനയെ ശുശ്രൂഷിക്കാനായി രവീന്ദ്രൻ എന്ന പരിചാരകനും ഉണ്ട്. വെറ്റിനറി ഡോക്‌ടറുടെ നിർദേശപ്രകാരമാണ് ആനക്കുട്ടിയുടെ ദിനചര്യകൾ ക്രമീകരിക്കുക. രണ്ടാഴ്ച്ചത്തെയെങ്കിലും നിരീക്ഷണത്തിന് ശേഷമാകും ഇവളെ കാണാൻ സന്ദർശകർക്ക് അനുവാദമുണ്ടാകു. പുതിയ ആനകുട്ടിയുടെ വരവോടെ കുട്ടിയാന കൂട്ടം ഇപ്പോൾ ആറായി. ഇവര്‍ക്കൊപ്പം പ്രായം ചെന്ന സോമനും, മണിയനും, റാണയും, രാജ്കുമാറും ഉൾപ്പടെ കാപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്‍പതായി.
കഴിഞ്ഞ 14 നാണു നിലമ്പൂരിലെ കരിമ്പുഴ ഭാഗത്തു നിന്ന് രണ്ടു മാസത്തോളം പ്രായമുള്ള പിടിയാനയായ ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. ഒഴുക്കിൽപ്പെട്ടു കരക്കു കയറിയ നിലയിൽ ഒറ്റപ്പെട്ട ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
റേഞ്ച് ഓഫീസർ രാഗേഷിന്റെ നേതൃത്വത്തിൽ, നെടുങ്കയം, പടുക്ക സ്റ്റേഷൻ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റി വിടാൻ ശ്രമം നടത്തി. ആറുകിലോമീറ്റര്‍ ഉള്‍ക്കാട്ടിലായി രണ്ടിടങ്ങളിൽ ആനക്കൂട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടത്തില്‍ കൂട്ടിയില്ല. രണ്ടു തവണ ശ്രമം പരാജയപ്പെട്ടതോടെ വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കരുളായി റേഞ്ച് ഓഫീസർ രാഗേഷ്, അസിസ്റ്റന്‍റ് ഫോറസ്‌റ്റ് വെറ്റിനറി ഓഫീസർ അരുൺ സത്യൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് കുമാർ, ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.