മലപ്പുറം : നിലമ്പൂർ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ബുധനാഴ്ച വിശ്രമമില്ലാത്ത ദിനമായിരുന്നു. ഉച്ചക്ക് ഒരു മണിയോടുകൂടി മൂത്തേടം കാരപ്പുറത്ത് അടിക്കാടുകൾക്ക് തീപിടിച്ചത് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് അണച്ചത്.
കാരപ്പുറത്തേക്ക് കരുളായി വഴി എത്തിപ്പെടാൻ സാധിക്കാത്തതിനാൽ എടക്കര വഴിയാണ് സേന എത്തിയത്. സേന എത്തുന്നതിനു മുമ്പ് തന്നെ തീ അണക്കാന്‍ ശ്രമിച്ച നാട്ടുകാരില്‍ ഒരാളായ പൊറ്റയിൽ അലവുണ്ണിക്ക് പൊള്ളലേറ്റിരുന്നു. കാരപ്പുറത്തിന് പിന്നാലെ മമ്പാട് മേപ്പാടത്തും നിലമ്പൂർ ചേലപ്പൊയിലിലും, റെയിൽവേ സ്റ്റേഷന് സമീപവും തീപിടുത്തങ്ങൾ ഉണ്ടായി. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി. ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം എല്ലായിടത്തും ഓടിയെത്തി.