മലപ്പുറം: മലപ്പുറം ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം വൈകുന്നു. കാര്‍ഷിക വകുപ്പിന്‍റെ കീഴില്‍ 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാര്‍ക്കിപ്പോള്‍ ഉപയോഗ ശൂന്യമായ സ്ഥിതിയിലാണ്. ടൂറിസം മന്ത്രിയുടെ അസൗകര്യം കാരണം രണ്ടു തവണ ഉദ്ഘാടനം മാറ്റിവെച്ചു. മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌ത ശേഷമേ പാർക്ക് സഞ്ചാരികൾക്ക് തുറന്ന നൽകുകയുള്ളൂവെന്ന് അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. മുസ്തഫ കുന്നുതൊടി പറയുന്നു. ഫാം ടൂറിസം രംഗത്ത് സര്‍ക്കാര്‍ മുതല്‍ക്കൂട്ട് പദ്ധതിയാണ് ഇങ്ങനെ ജീവനറ്റ നിലയില്‍ കിടക്കുന്നത്.
കേരളത്തിലെ കാര്‍ഷിക സാമ്പ്രദായത്തെ അടുത്തറിയാന്‍ വിവിധ ഇടങ്ങളില്‍ നിന്ന് എത്തുന്ന സഞ്ചാരികള്‍ക്കായിയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും വാച്ച് ടവറും ഒരുക്കിയത്. ഒരു ദിവസം മുഴുവൻ ചെലവെഴിക്കാവുന്ന രീതിയിലായിരുന്നു പ്രവർത്തനം വിഭാവനം ചെയ്‌തത്. പദ്ധതി പ്രകാരം ഗവേഷണകേന്ദ്രത്തിലെ പടിഞ്ഞാറ് വശത്ത് വാച്ച് ടവറും അതിഥിമന്ദിരവും കുട്ടികളുടെ പാർക്കും നിർമിച്ചു. എന്നാല്‍ ഉദ്ഘാടനം വൈകുന്നതിനാല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.