കോഴിക്കോട്: സഭാ പ്രസിദ്ധീകരണത്തിലെ ഇസ്‌ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്ക് ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വിവാദ പരാമര്‍ശം പുസ്‌തകത്തില്‍ നിന്നു പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.
പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഇസ്‌ലാം മത പുരോഹിതന്‍മാര്‍ ആഭിചാരക്രിയകള്‍ നടത്താറുണ്ടെന്നായിരുന്നു പുസ്‌തകത്തിലെ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രൂപത വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എം.കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.
Read more: ഇതര മത വിദ്വേഷ പരാമർശങ്ങളുള്ള വേദപാഠ പുസ്തകവുമായി താമരശേരി രൂപത
‘സത്യങ്ങളും വസ്‌തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന പേരില്‍ താമരശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ പുസ്‌തകത്തിലാണ് വിദ്യാർഥികൾക്കിടയിൽ മത വിദ്വേഷവും സ്‌പർധയും ഉണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തിയത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കെയാണ് വിദ്വേഷ പരാമര്‍ശങ്ങളുള്ള പുസ്‌തകം രൂപത പുറത്തിറക്കിയത്.