കോഴിക്കോട്: എന്തെങ്കിലും ഒരു പരിഗണന ഞങ്ങളുടെ കാര്യത്തിൽ ചെയ്‌ത് തരുമോ?.. ദുരവസ്ഥയില്‍ നിന്നായിരുന്നു ബേബിയേച്ചിയുടെ ആ ചോദ്യം. എന്നാല്‍ മറുപടിക്ക് കാത്തുനിൽക്കാതെ അവര്‍ പോയി. പ്രാരാബ്‌ധങ്ങളും കഷ്‌ടപ്പാടുകളുമില്ലാത്ത ലോകത്തേക്ക്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി പുതിയങ്ങാടി ഗവൺമെന്‍റ് എൽ.പി സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു ബേബിയേച്ചിയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആലീസ് ഈവ്-ലൈൻ.
39 വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് അന്നമൂട്ടിയെ സ്‌കൂളിലെ അമ്മ. എന്നും കുരുന്നുകളുടെ സ്നേഹനിധിയായിരുന്നു ബേബിയേച്ചി. അത്രമേല്‍ വാത്സല്യത്തോടെയാണവര്‍ കുരുന്നുകളെ ഓമനിക്കുകയും പരിചരിക്കുകയും ചെയ്‌തത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ചരിത്രം വിശദമാക്കുന്ന വാർത്ത റിപ്പോർട്ടിങ്ങിനിടെയാണ് ബേബിയേച്ചിയെ കണ്ടുമുട്ടിയത്. 450 രൂപ ദിവസ വേതനം കൊണ്ട് ഒന്നിനും തികയുന്നില്ലെന്ന് അവർ പറയുമ്പോൾ ആ ദയനീയത മുഖത്ത് തെളിയുന്നുണ്ടായിരുന്നു.
Also read: ഉപ്പുമാവില്‍ നിന്നും വിഭവ സമൃദ്ധമായ സദ്യയിലേക്ക്: സ്കൂള്‍ ഉച്ചഭക്ഷണത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും
തുച്ഛമായ വേതനത്തിലും കുട്ടികളെയോർത്ത് മാത്രം ഈ രംഗത്ത് തുടരുന്നവരിലൊരാളായിരുന്നു ബേബിയേച്ചിയും. ശാരീരിക പ്രശ്‌നങ്ങൾ വകവയ്ക്കാതെ അറുപത്തിയെട്ടാമത്തെ വയസിലും ബേബിയേച്ചി രാവിലെ സ്‌കൂളിലെത്തും. മകളുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്. വാടക വീടുകൾ മാറി മാറി കഴിഞ്ഞിരുന്ന ബേബിയേച്ചി തനിക്ക് ലഭിക്കുന്ന വേതനത്തിന്‍റെ പാതി മകള്‍ക്ക് നല്‍കും.
നാല് പതിറ്റാണ്ടോളം പുതിയങ്ങാടി ഗവൺമെന്‍റ് എൽ.പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് വച്ച് വിളമ്പിയ ബേബിയേച്ചിയുടെ കൈപ്പുണ്യം അറിഞ്ഞത് നിരവധി പേരാണ്. അവർ അവസാനമായി താഴ്‌മയോടെ ചോദിച്ച ആവശ്യം സർക്കാർ പരിഗണിച്ചാൽ അത് ഈ മേഖലയിലുള്ളവര്‍ക്ക് ഒരാശ്വാസമാകും. ഒപ്പം ബേബിയേച്ചിയെ പോലെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പണിയെടുക്കുന്നവരുടെ അധ്വാനത്തിനോടുള്ള ആദരവും.