കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട്ടുകാരിയായ യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ൽ കോഴിക്കോട് നന്തിയിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
മറ്റൊരു യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിച്ചെങ്കിലും വിധി പറയാനായി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിച്ചത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ യുവതി നല്‍കിയ പരാതിയില്‍ ജൂലായ് 15നാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ഇതിനിടെയാണ് പുതിയ പരാതി.
Read more: യുവ എഴുത്തുകാരിയുടെ പരാതി, സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ കേസ്
ദലിത് സംഘടനകൾ ഇടപെട്ടതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ ചെന്നെങ്കിലും കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത സിവിക് ചന്ദ്രൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസ് നൽകുന്ന സൂചന.
വിഷയം സങ്കീർണമായതോടെയാണ് മുൻകൂർ ജാമ്യത്തിന് സിവിക് ചന്ദ്രൻ ശ്രമം ആരംഭിച്ചത്. 2022 ഏപ്രിൽ 17നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വടകര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ ഇതുവരെ സിവികിനെ കണ്ടെത്താനോ നടപടികൾ പൂർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി.
സാക്ഷികളിൽ നിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി. സിവിക് എവിടെയെന്നതിനെക്കുറിച്ച് വിവരം ലഭിച്ചെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐജിയുടെ ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദലിത് സംഘടനകളുടെ നീക്കം.