കോഴിക്കോട് : കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിൽ വീർപ്പുമുട്ടുകയാണ് വിദ്യാർഥികൾ. സ്കൂൾ ജീവിതം അവർക്ക് നൽകുന്ന ആഹ്ളാദവും സന്തോഷവും നിലച്ചിട്ട് നാളെറെയായി. എന്നാൽ ജൂൺ ഒന്ന് മുതൽ കൃത്യമായി 'സ്കൂളിൽ' പോകുന്ന രണ്ട് പേരുണ്ട് ഫറോക്കില്‍. സഹോദരിമാരായ ഇൽഫറെബിയും ഹൈഫയും.
രാവിലെ തന്നെ യൂണിഫോം അണിഞ്ഞ് ഐഡി കാർഡിട്ട് ടൈം ടേബിൾ പ്രകാരം പുസ്തകങ്ങൾ എടുത്തുവച്ച് സ്കൂളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണിവർ. ഇൽഫറെബി നാലാം ക്ലാസിലാണ്, എൽകെജി വിദ്യാർഥിനിയാണ് ഹൈഫ.
ഇനി ഈ ലോക്ക് ഡൗണ്‍ കാലത്ത് ഏത് സ്കൂളിലാണ് ചേച്ചിയും അനിയത്തിയും പോകുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഇങ്ങനെയാണ്, വീടിന്‍റെ മുകളിലെ നിലയിലാണ് ഇവരുടെ സ്കൂൾ. കൃതൃസമയത്ത് സ്കൂളിൽ എത്തും. 10 മണിക്ക് ക്ലാസ് ആരംഭിക്കും 4 മണിക്ക് സ്കൂൾ വിടും. ഇടവേളകളൊക്കെ അതിന്‍റെ ക്രമത്തിൽ തന്നെ, ഓൺലൈൻ ക്ലാസ് ടൈമാകുമ്പോൾ അത് കാണും.
also read: കളി ചിരികളില്ല, ഈ സ്വർഗം നിശബ്‌ദമാണ്: കുട്ടികളെ കാണാൻ കൊതിച്ച് രണ്ട് അധ്യാപകർ
സ്വയം പഠിക്കുന്നതോടൊപ്പം എൽകെജിക്കാരി ഹൈഫക്ക് നാലാം ക്ലാസുകാരി ഇൽഫ അധ്യാപികയാകും. സ്കൂളിന് സമാനമായ ചിട്ടവട്ടങ്ങൾ. ക്ലാസ് മുറിയെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, അക്ഷരമാലകൾ, ക്ലാസും ഡിവിഷനും ചേർത്തുള്ള സൂചകങ്ങൾ, ടൈംടേബിൾ, ബോർഡ് എല്ലാം ഇവർ ഒരുക്കിയിരിക്കുന്നു.
കോടംമ്പുഴ പള്ളിയാളി ഫൈസൽ-സബിത ദമ്പതികളുടെ മക്കളാണ് ഇൽഫറെബിയും,ഹൈഫയും. കരിങ്കല്ലായ് ജിഎംഎൽപി സ്കൂൾ വിദ്യാർഥികളാണ് ഇരുവരും. കൂട്ടുകാരുമായി ഒത്തുചേരാനുള്ള സാഹചര്യം ഇല്ലാതെ ഓൺലൈൻ ക്ലാസിൽ ഒതുങ്ങി കൂടുന്നവർക്ക് ഒരു മാതൃകയാണ് ഈ മിടുക്കികൾ.
സ്വന്തമായൊരു ആശയത്തിലൂടെ വീടിനകത്തിരുന്ന് വിജ്ഞാനവും വിനോദവും കണ്ടെത്തുന്ന ഈ കുട്ടികൾക്ക് എല്ലാ പ്രോത്സാഹനവും നൽകി മാതാപിതാക്കളും കൂടെയുണ്ട്.