കോഴിക്കോട്: പാല ബിഷപ്പിനെ സന്ദർശിച്ച മന്ത്രി വി.എൻ വാസവനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത കേരള ജംയ്യത്തുല്‍ ഉലമ. ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ് മന്ത്രി ചെയ്‌തതെന്ന് മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ സമസ്‌ത കുറ്റപ്പെടുത്തി.
വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു
പാലായിലെ വിവാദ വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. ഇത് പിണറായി സര്‍ക്കാരിന്‍റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാട് പോലെ ലക്കും ലഗാനുമില്ലാതെ ചിലർ തോന്നിയത് വിളിച്ചു പറയുകയും. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ലേഖനം കുറ്റപെടുത്തുന്നു.
മന്ത്രിയുടെ സന്ദര്‍ശനം
അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന അധികാരികള്‍ കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിലടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കാണിക്കുന്ന പൊട്ടന്‍ കളിയും മധ്യസ്ഥതയുടെ മേലങ്കിയണിഞ്ഞ് അനീതി ചെയ്‌തവരെ സുഖിപ്പിക്കുന്നതുമെല്ലാം മതേതര വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും 'വിദ്വേഷ പ്രചാരണം; വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍' എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ പറയുന്നു.
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ കഴിഞ്ഞ ദിവസം മന്ത്രി വി.എൻ വാസവൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചിരുന്നു. ബിഷപ്പിന്‍റെ പരാമർശത്തിന്‍റെ പേരിൽ നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കപ്പെടാൻ അനുവദിക്കില്ലെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രകോപനപരമായ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Read more: വർഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍