കോഴിക്കോട്: പുട്ട് 'കുടുംബ ബന്ധങ്ങളെ തകർക്കുമെന്ന' മൂന്നാം ക്ലാസുകാരന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബെംഗളൂരുവില്‍ പഠിയ്ക്കുന്ന കോഴിക്കോട് മുക്കം സ്വദേശി ജയിസ് ജോസഫായിരുന്നു ആ രസകരമായ കുറിപ്പിന് പിന്നില്‍. ഇതിന് പിന്നാലെ പുട്ട് കമ്പനിക്കാരുടെ തിരക്കാണ് ജയിസിന്‍റെ ബെംഗളുരുവിലെ വീട്ടിൽ.
ഏഴോളം പുട്ട് കമ്പനിക്കാരാണ് എത്തിയത്. പുട്ടിൽ തന്നെ 'സോഫ്റ്റ്' പുട്ടുണ്ടെന്നും അതിന് വേണ്ടി തങ്ങളുടെ പുട്ട് പൊടി വാങ്ങിക്കൂ എന്ന തല വാചകം പറയാൻ വേണ്ടിയായിരുന്നു കമ്പനികൾ സമീപിച്ചത്. എന്നാൽ ഉത്തരക്കടലാസിൽ എഴുതിയതിനെ പെട്ടെന്ന് മാറ്റിപ്പറയേണ്ട എന്ന തീരുമാനത്തിലാണ് സോജി ജോസഫ് - ദിയ ജെയിംസ് ജോസഫ് ദമ്പതികളുടെ മകനായ ജയിസ് ജോസഫ്.
ഇഷ്‌ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. തനിക്ക് ഇഷ്‌ടമല്ലാത്ത ഭക്ഷണമാണ് പുട്ടെന്നും തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ പുട്ടാണ് ഉണ്ടാക്കുന്നതെന്നും ആ മൂന്നാം ക്ലാസുകാരന്‍ എഴുതി. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക എക്‌സലന്‍റ് എന്നാണ് കുഞ്ഞ് ജയിസിന്‍റെ ഉത്തരത്തിനെ വിശേഷിപ്പിച്ചത്.
ജയിസ് ജോസഫിന്‍റെ വൈറല്‍ കുറിപ്പ്- 'എനിക്ക് ഇഷ്‌ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെ ഉണ്ടാക്കുന്നു.
അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല.
അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്ക് പറയും, അപ്പോള്‍ ഞാന്‍ കരയും. അതുകൊണ്ടു തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ്.'
മലയാളിയുടെ പ്രഭാതഭക്ഷണ പട്ടികയില്‍ പുട്ടിന് പ്രഥമ സ്ഥാനമുണ്ടെങ്കിലും ജയിസിന്‍റെ രസകരമായ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെയാണ് ജയിസിനെ പുട്ടിന്‍റെ പരസ്യത്തില്‍ മോഡലാക്കാന്‍ കമ്പനികള്‍ സമീപിച്ചത്. എന്നാൽ പുട്ട് ഇപ്പോഴും ഇഷ്‌ടമല്ലെന്ന തീരുമാനത്തിൽ തന്നെയാണ് കുഞ്ഞ് ജയിസ്.
Read more: 'കുടുംബ ബന്ധങ്ങൾക്ക് പുട്ട് വില്ലൻ'! രസകരമായ ഉത്തരവുമായി മൂന്നാം ക്ലാസ് വിദ്യാർഥി