കോഴിക്കോട്: നിരോധിത പുകയില ഉത്‌പന്നങ്ങളുമായി കോഴിക്കോട് മാവൂരിൽ രണ്ട് പേർ പിടിയിൽ. വെള്ളിപറമ്പ് സ്വദേശികളായ കബീർ, ഉമ്മർ എന്നിവരാണ് മാവൂർ പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ചാക്ക് ഹാൻസ് പാക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വീടുകളിലും വീടിനോട് ചേർന്ന കടയിലും നടത്തിയ പരിശോധനയിലാണ് പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തത്. ഇവിടെ കുട്ടികൾക്കടക്കം ലഹരി ഉത്‌പന്നങ്ങൾ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കടക്ക് മുന്നിൽ ലഹരിക്കെതിരെ സമരം നടന്നുവരികയായിരുന്നു. മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ രേഷ്‌മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്‌ഡ് നടത്തി പ്രതികളെ പിടികൂടിയത്.