കോഴിക്കോട് ;
കോഴിക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവിന് ജാമ്യം. ഓരോ മാസത്തിലെയും രണ്ടും നാലും ശനിയാഴ്ച ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം , പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം , സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലും ഒപ്പം രണ്ടു ലക്ഷം രൂപയുടെ രണ്ടു ആൾ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ടത്തിന് ശബരിമല നട തുറന്നപ്പോൾ സ്ത്രീയെ ആക്രമിച്ചുവെന്ന കേസിലാണ് ജാമ്യം. നേരത്തെ റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാർച്ച് 28നാണ് പ്രകാശ് ബാബു റിമാൻഡിലായത്. എന്നാൽ പ്രകാശ് ബാബുവിന് പുറത്തിറങ്ങണമെങ്കിൽ ഒരു കേസിൽ കൂടി ജാമ്യം ലഭിക്കണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ ആറൻമുള കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിൽ കൂടി ജാമ്യം ലഭിച്ചാലേ പ്രകാശ് ബാബുവിന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. സ്ഥാനാർഥിയുടെ അഭാവത്തില്‍ ബിജെപി സംസ്ഥാന നേതാക്കൾ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നല്‍കുന്നുണ്ട്.