കോഴിക്കോട്: പി.സി ജോർജിന്‍റെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഹിന്ദു മഹാസംഗമത്തിന്‍റെ സംഘാടകർ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്നും വിദ്വേഷ പ്രസംഗങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു. സമ്മേളനം ഉദ്ഘാടനം ചെയ്‌ത ഗവർണറെ രാഷ്‌ട്രപതി തിരിച്ച് വിളിക്കണമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നിലപാട് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പികെ ഫിറോസ് പറഞ്ഞു. വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പിസി ജോർജിനെ കാണാൻ പോയ മുരളീധരന്‍റെ നടപടി കേന്ദ്രമന്ത്രിക്ക് നിരക്കാത്തതാണ്. അതിനാൽ മുരളീധരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.
രാജ്യത്ത് മുസ്‌ലിം സമൂഹം അരക്ഷിതാവസ്ഥ നേരിടുകയാണ്. ഹിന്ദു മഹാസംഗമത്തിൽ നടത്തിയ പ്രസംഗങ്ങൾ എല്ലാം പരിശോധിച്ച് വിവാദ പ്രസംഗം നടത്തിയ എല്ലാവർക്കും എതിരെ കേസെടുക്കണം. ഇന്‍റലിജൻസനും തെറ്റുപറ്റി. അതാണ് പരിപാടിക്ക് ഗവർണർ പങ്കെടുത്തത്. അതിനാൽ ഇന്‍റലിജൻസിന് വന്ന വീഴ്‌ച അന്വേഷിക്കണമെന്നും പികെ ഫിറോസ് കൂട്ടിച്ചേർത്തു.