കോഴിക്കോട്: ആവശ്യത്തിന് ട്രെയിനില്ലാതെ ദുരിതമനുഭവിക്കുന്ന മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടിയായി ബോഗികളുടെ എണ്ണംകുറച്ച് റെയിൽവേ. ഒന്നിലധികം ജനറൽ കംപാർട്ട്മെന്‍റുകള്‍ എടുത്തുമാറ്റിയതിനാല്‍ സ്ഥിരം യാത്രക്കാർ ശ്വാസം മുട്ടിയാണ് യാത്ര ചെയ്യുന്നത്. മംഗലാപുരത്ത് നിന്ന് നാഗർകോവിൽ വരെ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിലെ ബോഗികളാണ് ഏറ്റവുമൊടുവിൽ റെയിൽവെ വെട്ടിച്ചുരുക്കിയത്. അഞ്ച് ബോഗികളാണ് കഴിഞ്ഞ ദിവസം എടുത്തു മാറ്റിയത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു ബോഗികൾ പുന:സ്ഥാപിച്ചെങ്കിലും മൂന്ന് ബോഗിയുടെ കുറവ് യാത്രക്കാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.
എന്നാൽ ട്രെയിനിന്റെ ബോഗികൾ വെട്ടിക്കുറയ്ക്കുന്നതിൽ പ്രത്യേക താത്പര്യമൊന്നുമില്ലെന്നും ഓരോ ട്രിപ്പിന് ശേഷവും വണ്ടിയുടെ ഫിറ്റ്നസ് പരിശോധിക്കുന്ന പതിവുണ്ടെന്നും പരിശോധനയിൽ തകരാറുള്ള ബോഗികൾ മാറ്റിയിടുന്നത് റെയിൽവേയുടെ രീതിയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.