കോഴിക്കോട് : നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. എം.എൽ.എമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ടുവരാമെന്നും എന്നാൽ അയാൾ, ആര്, എന്ത്, ഏത് എന്നെല്ലാം പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എന്ന നിലയിൽ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാവില്ല. ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ നക്‌സസ് ഉണ്ടെന്നും തട്ടിപ്പും അഴിമതിയും നടക്കുന്നുണ്ടെന്നും റിയാസ് ആരോപിച്ചു. സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങൾ അത് കരാറുകാരുടേതായാലും എംഎൽഎമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം.
READ MORE: ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം
കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. ചെറിയ വിഭാഗമാണ് പ്രശ്‌നക്കാർ. ഉദ്യോഗസ്ഥരും അങ്ങനെതന്നെയാണെന്നും കരാറുകളില്‍ താൻ ഇടപെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തികളിൽ എല്ലാം എഞ്ചിനീയർ, കരാറുകാർ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങൾക്ക് ഇവരെ നേരിട്ട് പ്രശ്‌നങ്ങൾ അറിയിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാര്‍ മന്ത്രിയെ കാണാൻ വരരുതെന്നായിരുന്നു നിയമസഭയിൽ ചോദ്യോത്തരവേളയിൽ മുഹമ്മദ് റിയാസ് നടത്തിയ പരാമർശം. ഈ പ്രസ്‌താവനക്കെതിരെ നിയമസഭാകക്ഷി യോഗത്തില്‍ ഭരണകക്ഷി എംഎല്‍എമാരില്‍ നിന്ന് രൂക്ഷവിമർശനമുയർന്നിരുന്നു.