കോഴിക്കോട്: താമരശേരി രൂപതയുടെ മൂന്നാമത് മെത്രാനായിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രി കോഴിക്കോട് നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് 6.45നായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ താമരശേരി മേരീമാതാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
1996 നവംബർ 11 മുതൽ 2010 ഏപ്രിൽ എട്ട് വരെ 13 വർഷം താമരശേരി രൂപത ബിഷപ്പായിരുന്നു. ചുമതല ഒഴിഞ്ഞശേഷം താമരശേരി രൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ബിഷപ്പ് മാർ സെബാസ്‌റ്റ്യൻ മങ്കുഴിക്കരിയക്കും, ബിഷപ്പ് ജേക്കബ് തൂംകുഴിക്കും ശേഷമാണ് മാർ പോൾ ചിറ്റിലപ്പിള്ളി 1996 നവംബർ 11ന് താമരശേരി ബിഷപ്പായി ചുമതല ഏറ്റെടുത്തത്.
തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ജനിക്കുന്നത്. 1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടിൽ നിന്ന് റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസിസ്‌റ്റന്‍റ് വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971ല്‍ ബിഷപ് കുണ്ടുകുളത്തിന്‍റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു.