കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ചാലപ്പുറം സ്വദേശി പി.പി ഷബീറിനെ വയനാട്ടിൽ നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രധാന പ്രതിയെ പിടികൂടിയത്.
രാജ്യദ്രോഹ ഇടപാടുകൾ അടക്കം സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ സംശയിക്കപ്പെടുന്നുണ്ട്. പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കേസ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) വിടണമെന്ന ശുപാർശയും ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്.
നേരത്തെ മലപ്പുറം കുറുപ്പത്താല്‍ ടൗണില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ നിയമവിരുദ്ധമായി ഫോണ്‍ കോളുകള്‍ ലഭ്യമാവുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേന്ദ്രം പൊലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേന്ദ്രം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി പൂക്കുളത്തൂര്‍ പുറക്കാട് സ്വദേശി ഹുസൈൻ (31) എന്നയാള്‍ അറസ്റ്റിലായിരുന്നു.
Also read: മലപ്പുറത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; ഒരാള്‍ അറസ്റ്റില്‍