കോഴിക്കോട്: ഭരണഘടന വിരുദ്ധമായാണ് എംഎസ്എഫിൽ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് നടപടി നേരിട്ടവർ. കോടതി വിധിയെ പോലും മുസ്‌ലിം ലീഗും എംഎസ്എഫും വെല്ലുവിളിക്കുകയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് ഹരിതയിലെ വനിത നേതാക്കളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്‌തതിനാണ് തങ്ങൾക്കെതിരെ നടപടിയെടുത്തത്.
ഈ നടപടി തീർത്തും നീതികേടാണ്. കഴിഞ്ഞ വർഷം ജൂൺ 24ന് (2021) എംഎസ്എഫ് യോഗത്തിൽ നടന്നത് തീർത്തും സ്‌ത്രീ വിരുദ്ധമായ ഇടപെടലാണ്. പി കെ നവാസാണ് ഇതിന് നേതൃത്വം നൽകിയതെന്നും ലത്തീഫ് തുറയൂർ വിശദമാക്കി.
'തെറ്റ് ഏറ്റുപറഞ്ഞിട്ടും നടപടിയില്ല'
മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തോട് നവാസ് തെറ്റ് ഏറ്റ് പറഞ്ഞതാണ്. സംസ്ഥാന നേതൃത്വത്തിന് ഈ വിശദാംശങ്ങൾ കൈമാറിയെങ്കിലും ഇവിടെ നടപടി ഒന്നും ഉണ്ടാവാതെ എല്ലാം മുക്കുകയായിരുന്നു. പരാതി ഉന്നയിച്ച പെൺകുട്ടികളെ പാർട്ടിയും മോശമായ ഭാഷയിൽ അപമാനിക്കുകയായിരുന്നു. മിനിറ്റ്സ് പിടിച്ച് വാങ്ങിയതിന്‍റെ പേരിൽ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎക്കെതിരെ പരാതി നൽകിയെന്നും ലത്തീഫ് തുറയൂർ പറഞ്ഞു.
നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയാണ് എംഎസ്എഫും ലീഗും പിന്തുടർന്ന് പോരുന്നത്. തനിക്കെതിരായ നടപടിയെ നേരിടാൻ പി പി ഷൈജൽ കോടതി വിധിയുമായി എംഎസ്എഫ് യോഗത്തിന് എത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ ഇതിന് ഉദാഹരണമാണ്. നാല് നേതാക്കൾ ചേർന്ന് ലീഗിനെ ഒരു പ്രൈവറ്റ് കമ്പനിയായി മാറ്റിയിരിക്കുകയാണെന്നും വിദ്യാർഥി സംഘടനയിൽ നിന്ന് പുറത്തായവർ പറഞ്ഞു.