കോഴിക്കോട്: മലബാറിന്‍റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍ -കള്ളാടി- മേപ്പാടി തുരങ്കപാതയുടെ സാങ്കേതിക പഠനത്തിന് തുടക്കമായി. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാത. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സംഘവും പൊതുമരാമത്ത് അധികൃതരും മറിപ്പുഴയിലെത്തി. മൂന്നു മാസത്തിനകം വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കും. പാത കടന്നുപോകുന്ന ഭാഗത്തെ വനാതിര്‍ത്തി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, വനംവകുപ്പ് അധികൃതരും കെആര്‍സിഎല്‍ സംഘവും സ്വര്‍ഗംകുന്ന് ഭാഗത്തെത്തി ബുധനാഴ്ച പരിശോധന നടത്തും. 34 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അറിയിച്ചതെന്ന് എംഎല്‍എ പറഞ്ഞു. തുരങ്കപാത എത്തുന്ന വയനാട്ടിലെ കള്ളാടി സംഘം ബുധനാഴ്ച സന്ദര്‍ശിക്കും.
പദ്ധതിക്കായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മിക്കും. നൂറുദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തിയ പാതയുടെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും