കോഴിക്കോട് : കോൺഗ്രസിൽ ഡിസിസി അദ്ധ്യക്ഷ പട്ടിക കൊണ്ടുണ്ടായ 'തല്ലി'ന് പിന്നാലെ എ, ഐ ഗ്രൂപ്പുകൾക്ക് വലിയ ക്ഷീണം സംഭവിച്ചതായി വിലയിരുത്തൽ.
ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തലയിലേറ്റി നടന്ന നേതാക്കൾ അവരെ താഴെ ഇറക്കിവച്ച സാഹചര്യമാണ് സംജാതമായത്.
തലമുതിർന്ന ഇരു നേതാക്കളേയും തലമുറമാറ്റത്തിലൂടെ ഹൈക്കമാൻഡ് തന്നെ ഒതുക്കിയതോടെയാണ് പലരുടേയും ചാഞ്ചാട്ടം.
സ്ഥിരം ചാഞ്ചാട്ട വേദിയായ കോൺഗ്രസിൽ നേതാക്കൾക്കപ്പുറം കെപിസിസി വളർന്ന അന്തരീക്ഷത്തിൽ കൂടിയാണ് ഈ കൂട്ടപ്പൊരിച്ചിലും സ്ഥാനചലനങ്ങളും.
കേരളത്തിൽ നടക്കുന്ന 'കലാപരിപാടികൾ' അപ്പപ്പോൾ എഐസിസി കാണുന്നതുകൊണ്ടുതന്നെ പല നേതാക്കൾക്കും ഇത് നിലനിൽപ്പിൻ്റെ വിഷയം കൂടിയാണ്.
തിരുവഞ്ചൂരിന്‍റെ ചാഞ്ചാട്ടം
എ ഗ്രൂപ്പുകാരനും ഉമ്മൻചാണ്ടിയുടെ അതിവിശ്വസ്‌തനുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ ചാഞ്ചാട്ടമാണ് ഇതിൽ ശ്രദ്ധേയം.
അതിന് വഴിയൊരുക്കാൻ കെപിസിസിയും ഹൈക്കമാൻഡിലെ ചില ബുദ്ധികേന്ദ്രങ്ങളും തന്ത്രപരമായ നീക്കമാണ് നടത്തിയത്.
കോട്ടയം ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് തിരുവഞ്ചൂരിൻ്റെ വിശ്വസ്‌തനായ നാട്ടകം സുരേഷിനെ പ്രതിഷ്‌ഠിച്ചപ്പോൾ അത് ഉമ്മൻചാണ്ടിയെ ചൊടിപ്പിച്ചു.
ഉമ്മൻചാണ്ടിയുടെ ലിസ്റ്റിൽ സുരേഷിൻ്റെ പേര് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷ മറ്റൊന്നായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വയം രംഗത്തെത്തിറങ്ങിയ തിരുവഞ്ചൂരിനെ ഉമ്മന്‍ചാണ്ടി പിന്തുണച്ചിരുന്നില്ല.
ഇതോടെ കെ സുധാകരന് അടുത്തെത്തി പിന്തുണ പ്രഖ്യാപിച്ച തിരുവഞ്ചൂര്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയടക്കം എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് മറുപക്ഷത്തിനായി വാദിക്കുകയാണ്.
കളംമാറി ശൂരനാട് രാജശേഖരന്‍
ഐ ഗ്രൂപ്പിൽ പ്രധാനിയായിരുന്ന ശൂരനാട് രാജശേഖരനും ഈ 'സ്ഫോടന'ത്തോടെ കളം മാറ്റി ചവിട്ടി. കെപിസിസി ഉപാധ്യക്ഷനായിരുന്ന ശൂരനാട് ചെന്നിത്തലയടക്കം നേതാക്കളെയെല്ലാം തള്ളി ഹൈക്കമാൻഡ് നിലപാടിനെ പരസ്യമായി പിന്തുണക്കുകയാണ്.
കെപിസിസി വർക്കിംഗ് പ്രസിഡണ്ടായ ടി സിദ്ദിഖും പുതിയ നേതൃത്വത്തിൻ്റെ പാതയിൽ തന്നെയാണ്.
ഉമ്മൻചാണ്ടിയോട് എന്നും അടുത്തുനിൽക്കുമെന്ന് പറയുമ്പോഴും മാറ്റം വിജയം കാണും എന്ന ചിന്തയിലാണ് സിദ്ദിഖ്. കൂടുതൽ നേതാക്കളെ കെപിസിസി നേതൃത്വത്തിലേക്ക് ആകർഷിക്കാൻ തരത്തിലുള്ള നീക്കങ്ങൾ എല്ലാ ജില്ലയിലും തകൃതിയായി തുടരുകയാണ്.
ഡിസിസി നേതൃയോഗങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കെപിസിസി പ്രസിഡന്‍റ് തന്നെ നേരിട്ട് എത്തുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകും.
പുതിയ പക്ഷം ചേര്‍ന്ന് മുരളീധരനും ഉണ്ണിത്താനും
അച്ചടക്ക ലംഘനം അനുവദിക്കാനാകില്ലെന്ന ഹൈക്കമാൻഡ് നിലപാട് പുതിയ നേതൃത്വത്തിന് കരുത്ത് പകരുകയാണ്.
അതിന് കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ആശിർവാദവുമുണ്ട്. എന്നും ഒഴുക്കിന് അനുസരിച്ച് നീങ്ങാനും ഈ നേതാക്കൾക്ക് പ്രത്യേക കഴിവാണ്.
എ.കെ ആൻ്റണി മുഖ്യമന്ത്രിയായിരിക്കെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് വളരെ മികച്ച പ്രകടനം നടത്തിയാണ് മുരളീധരൻ ആദ്യം മികവ് തെളിയിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ ചെന്നിത്തലയോട് അടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയിലേക്ക് ചാഞ്ഞു. ഇപ്പോൾ സുധാകര-സതീശ നേതൃത്വത്തിൻ്റെ വക്താവിനെ പോലെയായി.
എന്നും നേതൃത്വത്തിനെതിരെ വാക്‌ശരങ്ങൾ തൊടുത്ത രാജ്മോഹൻ ഉണ്ണിത്താനും പുതിയ പക്ഷത്തോട് ചേർന്ന് ആവോളം പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇതെല്ലാം മറ്റ് നേതാക്കളെ കൂടി ഇരുത്തിച്ചിന്തിച്ചാല്‍ അത് എ, ഐ ഗ്രൂപ്പുകളുടെ മരണമണി ആയിരിക്കും.