കോഴിക്കോട്: സ്ഥലംമാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് കൃഷ്‌ണ കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരുന്ന തന്നെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ എസ് കൃഷ്‌ണ കുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ വിവാദ പരാമർശം നടത്തിയതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റം.
സ്ഥലം മാറ്റ നടപടിയിൽ ഹർജിക്കാരന്‍റെ നിയമപരമായ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. ജുഡീഷ്യൽ സർവിസിൽ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഏത് സ്ഥലത്തും ജോലി ചെയ്യാൻ തയ്യാറാകണം. മുൻവിധികളുടെ ആവശ്യമില്ല. ജില്ല കോടതി ജഡ്‌ജിക്ക് തത്തുല്യമായ തസ്‌തികയാണ് ലേബർ കോടതി ജഡ്‌ജിയുടെതെന്നും ഹൈക്കോടതി വിലയിരുത്തി.
ലേബർ കോടതി ജഡ്‌ജി ഡെപ്യൂട്ടേഷൻ തസ്‌തികയായതിനാൽ മുൻകൂർ അനുവാദം വാങ്ങണമെന്നായിരുന്നു കൃഷ്‌ണ കുമാറിന്‍റെ വാദം. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സ്ഥലം മാറ്റ നടപടിയെന്നാരോപിച്ചായിരുന്നു ഹർജി. ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ വിവാദ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റം. ഇരയുടെ വസ്‌ത്രധാരണം പ്രകോപനപരമെന്നായിരുന്നു വിവാദ പരാമർശം.