കോഴിക്കോട്: ആവിക്കലില്‍ മാലിന്യ പ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്ലാന്‍റ് നിർമാണം വരും ദിവസങ്ങളിൽ തടയുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.
മലിനജല പ്ലാന്‍റ് നിർമാണത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് (03.07.2022) കോർപ്പറേഷൻ പരിധിയിലെ മൂന്ന് വാർഡുകളിൽ ഹർത്താൽ പ്രഖ്യാപിച്ചത്. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ ആണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും വാഹനങ്ങൾ തടയില്ലെന്നും സമരസമിതി അറിയിച്ചെങ്കിലും സമരക്കാർ ഗതാഗതം തടസപ്പെടുത്തി. പിന്നാലെ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാരെ പൊലീസ് തല്ലിച്ചതക്കുകയും നാല് തവണ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്‌തു.
അതേസമയം കനത്ത പോലീസ് സുരക്ഷയിൽ പ്ലാന്‍റ് നിർമാണം പുരോഗമിക്കുകയാണ്. തീരദേശ ജനങ്ങൾക്ക് ഗുണകരമാണ് പ്ലാന്‍റ്. ഇവിടെ വേണ്ട എന്ന പ്രാദേശിക വാദം ശരിയല്ല. സമരത്തിന് പിന്നിലെ രാഷ്‌ട്രീയ അജണ്ടയിലൂടെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു.