കോഴിക്കോട്: കരയിലും കടലിലും ആകാശത്തും വിസ്‌മയം തീർത്ത ജല സാഹസിക മേളയ്ക്ക് സമാപ്‌തി. നാല് ദിവസം നീണ്ടു നിന്ന ഫെസ്റ്റ് ബേപ്പൂരിന്‍റെ ചരിത്രത്തിലെ മായാത്ത ഓർമയാകും. ബേപ്പൂർ ഫെസ്റ്റിന്‍റെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു.
ബേപ്പൂരിൽ സർഫിഗ് സ്‌കൂൾ ആരംഭിക്കുമെന്നും പ്രാദേശികരായ മത്സ്യത്തൊഴിലാളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ ഭാവിയിൽ സർഫിംഗ് സ്‌കൂളിൽ അധ്യാപകരായി നിയമിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിലൂടെ അവരുടെ കുടുംബങ്ങൾക്ക് ഒരു വരുമാനവും നാടിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും സാധിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
സെയ്‌ലിംഗ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ ടൂറിസത്തിന് രാജ്യത്തെ പ്രധാന കേന്ദ്രമായി ബേപ്പൂരിലെ മാറ്റും. വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. ടൂറിസത്തിന്‍റെ വികാസം എന്ന് പറഞ്ഞാൽ വലിയ കെട്ടിടങ്ങൾ ഉയർത്തുകയല്ലെന്നും ആ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കലാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ വാട്ടർ തീം ഫെസ്റ്റ്
തുടക്കം മുതൽ ഫെസ്റ്റിലേക്ക് വൻ ജനപ്രവാഹമായിരുന്നു എത്തിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച് വളരെ നിർണായകമായ നാല് ദിവസങ്ങൾക്കാണ് ബേപ്പൂർ സാക്ഷ്യം വഹിച്ചത്. അടുത്ത വർഷം ഇതിലും വിപുലമായ രീതിയിൽ ബേപ്പൂരിൽ ജലോത്സവ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്.
വലിയ ജനപങ്കാളിത്തതോടെ ഈ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ കരുത്തായി മാറുന്നത് നമ്മുടെ പാരമ്പര്യവും സംസ്‌കാരവുമാണെന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകൾ ഇവിടേക്കെത്തുന്ന ഒരു കാലം ഉണ്ടാവണം. അതിന് നമ്മുടെ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പൗരന്‍റെയും കൈകളിലേക്ക് ടൂറിസം
ബേപ്പൂരിലെ ഓരോ പൗരന്‍റെയും കൈകളിലേക്ക് ടൂറിസത്തിന്‍റെ അനന്ത സാധ്യതകൾ എത്തിച്ചേരുന്നതിന്‍റെ തുടക്കമായാണ് മേളയെ വിശേഷിപ്പിക്കുന്നത്. അന്യം നിന്നു പോയ കലാരൂപങ്ങളെ നവീകരിക്കുന്നതിനും അവയെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനും ഭക്ഷ്യ വൈവിധ്യങ്ങൾ, ജീവിതക്രമങ്ങൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം കൂടിയായി ഫെസ്റ്റ് മാറി.
ഒരു ജലകായികമേള എന്നതിനപ്പുറം കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും കുടുംബങ്ങൾ ആവേശപൂർവ്വം ബേപ്പൂർ ഫെസ്റ്റിനെ ഏറ്റെടുത്തിട്ടുണ്ട്. കൊവിഡ് കാലം നഷ്ടമാക്കിയ ഉത്സവങ്ങളേയും ഒത്തുചേരലുകളേയും തിരിച്ചുകൊണ്ടുവരാൻ ഫെസ്റ്റിന് കഴിഞ്ഞു.
മത്സരങ്ങളിൽ ഉടനീളം ഉയർന്നുനിന്ന ആവേശവും കരുത്തും തന്നെയാണ് മേളയുടെ ഏറ്റവും വലിയ വിജയം. മലബാറിലെ രുചി വൈവിധ്യങ്ങൾ വിളമ്പിയ ഭക്ഷ്യമേളയും ഫെസ്റ്റിന് കൊഴുപ്പേകി.
READ MORE: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്‌ത് ആസിഫ് അലി