കോഴിക്കോട്: മന്ത്രിസ്ഥാനത്ത് നിന്ന് അഹമ്മദ് ദേവർ കോവിലിനെ തെറിപ്പിക്കാനുള്ള ചരടുവലിയുമായി ഐഎൻഎൽ. ഒരാഴ്‌ചയ്‌ക്കുള്ളില്‍ യോഗം ചേർന്ന് ഇടതുമുന്നണിയെ സമീപിച്ച് മന്ത്രിയെ മാറ്റാനുള്ള ശിപാർശ നൽകാനാണ് തീരുമാനം. ഒന്നര വർഷം കൂടി ദേവര്‍ കോവിലിന് മന്ത്രിയായി തുടരാമെന്നിരിക്കെയാണിത്.
തന്‍റെ മന്ത്രിസ്ഥാനം എന്താകും എന്നത് ചോദ്യചിഹ്നമായതോടെ അഹമ്മദ് ദേവർ കോവിൽ അനുനയ നീക്കവുമായി കാന്തപുരത്തെ സമീപിച്ചിട്ടുണ്ട്. വീണ്ടും ഒന്നിച്ചു നിന്നില്ലെങ്കിൽ കാര്യങ്ങൾ വഷളാകും എന്ന ബോധ്യത്തോടെയായിരുന്നു കൂടിക്കാഴ്‌ച.
വിഷയം ചർച്ച ചെയ്യാൻ കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. വഹാബ് പക്ഷത്തെ, ഇടതുമുന്നണി ഔദ്യോഗികമായി അംഗീകരിച്ചാൽ അത് വലിയ ക്ഷീണമാകും എന്ന ബോധ്യത്തോടെയാണ് കാന്തപുരം വിഷയത്തില്‍ ഇടപെടാന്‍ ഇറങ്ങിത്തിരിച്ചത്.
വഹാബിനോട് ഏറെ അടുപ്പമുള്ള പിടിഎ റഹീം എംഎൽഎയെ കൂടെ നിർത്തി മന്ത്രിയാക്കാനുള്ള തന്ത്രപരമായ നീക്കമാണ് അണിയറയിൽ നടക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അനുകൂലിക്കുന്ന ഘടകത്തിന് ഒരു മന്ത്രി സ്ഥാനം എന്ന നിലയ്ക്കാണ് ഐഎൻഎല്ലിനെ ഇടതു മുന്നണിയിൽ എടുത്തതും മന്ത്രിസ്ഥാനം നൽകിയതും. എന്നാൽ ഐഎൻഎല്ലിലെ പിളർപ്പ് സമ്പൂർണമായതോടെ കാര്യങ്ങൾ വഷളായിരിക്കുകയാണ്.
Also Read: നിയമസഭ സമ്മേളനത്തിന് തുടക്കമായി; ഗവര്‍ണറെ 'ഗോ ബാക്ക്' വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു