കോട്ടയം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. മേലുകാവ് സ്വദേശി ജിൻസി ജോണാണ് (37) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്‌ച വൈകിട്ട് ഏഴ് മണിയോടെ തിരുവല്ല റെയിൽവേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. നാഗർകോവിലിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിന്‍സി. സ്റ്റേഷനിൽ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിന് പിന്നാലെ ജിൻസി ബോഗിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽവഴുതി പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയുമായിരുന്നു.
മരണത്തില്‍ ദുരൂഹത?: അതേസമയം, ജിന്‍സിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഫ്രണ്ട്സ് ഓഫ് റെയിൽ കൂട്ടായ്‌മ രംഗത്തെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ ട്രെയിനിന്‍റെ വേഗം കൂടിയതിന് ശേഷം പ്ലാറ്റ്‌ഫോം അവസാനിക്കുന്ന ഭാഗത്താണ് ജിന്‍സി വീണതായി കാണുന്നത്. സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ട ഉടന്‍ ജിന്‍സി യാത്ര ചെയ്‌ത ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ഓടി കയറുന്നത് കണ്ടതായി സഹയാത്രികര്‍ പറയുന്നുണ്ട്.
ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ ജിന്‍സി ഒറ്റയ്ക്കായിരുന്നു. അതിന് ശേഷമാണ് അപകടമുണ്ടാകുന്നത്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിന്‍സി സംസാരിച്ചതായാണ് വിവരം. കോട്ടയം സ്റ്റേഷനില്‍ ഇറങ്ങേണ്ടയാള്‍ തിരുവല്ല സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഫ്രണ്ട്സ് ഓഫ് റെയിൽ കൂട്ടായ്‌മ ആരോപിക്കുന്നു. വർക്കല ജിഎച്ച്എസിലെ അധ്യാപികയാണ് മരിച്ച ജിൻസി ജോണ്‍.
Also read: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16കാരിക്ക് നേരെ ലൈംഗികാതിക്രമം; ആറ് പേര്‍ക്കെതിരെ പോക്‌സോ കേസ്