കോട്ടയം: അയർക്കുന്നത്ത് വാഹനത്തില്‍ നായയെ കെട്ടിവലിച്ചയാൾ അറസ്റ്റിൽ. കൂരോപ്പട പുതുകുളം വീട്ടിൽ ജെഹു തോമസ് (23) ആണ് അറസ്റ്റിലായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. മ്യഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
ജൂലൈ 25 ഞായറാഴ്‌ച പുലര്‍ച്ചെയാണ് അയർക്കുന്നം ളാക്കാട്ടൂർ റോഡിലൂടെ ഇയാൾ വാഹനത്തിൽ നായയെ കെട്ടിവലിച്ച് കൊണ്ടുപോയത്. സംഭവം കണ്ട നാട്ടുകാർ പൊതുപ്രവർത്തകനെ വിവരമറിയിച്ചു. റോഡരികിലെ വീട്ടിലെ സിസിടിവിയിൽ നിന്ന് വാഹനത്തിന്‍റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.
തുടക്കത്തിൽ പരാതി ലഭിക്കാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സംഭവം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അതേസമയം വീട്ടിലെ പട്ടിക്കൂട് തകർന്നതിനാൽ വീട്ടുകാർ നായയെ വാഹനത്തിൽ പിന്നിൽ കെട്ടിയിട്ടതറിയാതെയാണ് കാര്‍ എടുത്തതെന്നാണ് യുവാവ് പൊലീസിനെയറിയിച്ചത്. വീട്ടിലുള്ളവർക്ക് വാക്‌സിൻ എടുക്കേണ്ടതിനാൽ പണമെടുക്കാൻ അയർക്കുന്നത്തെ എടിഎമ്മിലേക്ക് പോകുകയായിരുന്നുവെന്നും കാറിന്‍റെ പുറകിൽ നായയെ കണ്ടില്ലെന്നും യുവാവ് പറഞ്ഞു.