കോട്ടയം: പെട്രോള്‍ ഡീസല്‍ വില വർധനയില്‍ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ ഉന്തുവണ്ടി തള്ളി ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. പെട്രോള്‍, ഡീസല്‍ വിലവർധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും അമിത വൈദ്യുതി ചാര്‍ജ് നടത്തി കേരള സര്‍ക്കാരും കൊവിഡ് മൂലം തകര്‍ന്നു പോയ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നാടിനെയും ജനങ്ങളെയും മറന്നു കൊണ്ട് പുര കത്തുമ്പോള്‍ വാഴവെട്ടുന്ന മനോഭാവമാണ് കാണിക്കുന്നത്. ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ. സതീശ് ചൊള്ളാനി. വൈസ് പ്രസിഡന്‍റ് രാജന്‍ കൊല്ലംപറമ്പില്‍, മണ്ഡലം പ്രസിഡന്‍റ് ബിജോയി എബ്രാഹം, ബ്ലോക്ക് ജന.സെക്രട്ടറിമാരായ ഷോജി ഗോപി, ബിബിന്‍ രാജ്, ഷാജി ആന്‍റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.