കോട്ടയം: കരൂരില്‍ പ്രവര്‍ത്തിക്കുന്ന റിയോ ടെക് പെയിന്‍റ് നിര്‍മാണ ഫാക്ടറിക്കെതിരെ ജനരോക്ഷം ശക്തമാകുന്നു. കരൂര്‍ ഗ്രാമപഞ്ചായത്തില്‍ വലവൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപമാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് പ്രമേയം പാസാക്കി. ഫാക്ടറി പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുണ്ടെന്ന ആശങ്ക ഉയര്‍ത്തിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് പുറത്ത് ജനവാസ കേന്ദ്രത്തില്‍ സംഭരണി നിര്‍മിക്കാനുള്ള നീക്കമാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തു ശേഖരിക്കുന്നതിനാണ് സംഭരണിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഈ രാസദ്രാവകം ജനിതക വൈകല്യം, കാന്‍സര്‍, ത്വക് രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പൊതു ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തിലാണ് ഗ്രാമസഭ പാസാക്കിയത്.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു വേരനാനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.