കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന തലനാട് ഗ്രാമപഞ്ചായത്ത് മേഖലയില്‍ കൃഷിചെയ്യുന്ന ഗ്രാമ്പുവിന് ഭൗമസൂചികാ പദവി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഭൗമസൂചികാ നിര്‍ണയ വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും പങ്കെടുത്തു.
ഉയര്‍ന്ന മേഖലകളിലാണ് ഗ്രാമ്പുവില്‍ നിന്നും മികച്ച വിളവ് ലഭിക്കുന്നത്. ഉയരംകൂടിയ പ്രദേശമായ തലനാട് മേഖലയില്‍ ഉണ്ടാകുന്ന ഗ്രാമ്പുവിന് അധിക ഓയിലും മേന്മയുമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കുറവാണെന്ന് കാട്ടി ഗ്രാമപഞ്ചായത്ത് അധികൃതർ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിനെ സമീപിച്ചിരുന്നു. ഗ്രാമ്പുവിന്‍റെ സംസ്കരണത്തിലും സംഭരണത്തിലും മാറ്റം വരണമെന്നും അതിനാവശ്യമായ സൗകര്യങ്ങളും പരിശീലനങ്ങളും നല്‍കാമെന്നും മന്ത്രി അറിയിച്ചു.
അതോടൊപ്പം ഭൗമസൂചികാപദവി നേടുന്നതുവഴി നേട്ടമുണ്ടാക്കാമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് അതിനുള്ള നടപടികള്‍ ആരംഭിച്ചത്.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഭൗമസൂചികാവിഭാഗം കോര്‍ഡിനേറ്റര്‍ ഡോ എല്‍സിയാണ് ഇന്ന് നടന്ന യോഗത്തില്‍ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തംഗം രോഹിണിഭായി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പി എസ് എന്നിവർ യോഗത്തില്‍ സംബന്ധിച്ചു.