കോട്ടയം: പാമ്പാടിയിൽ കെ.കെ റോഡിന്‍റെ വശത്തായി ജ്യൂസ് ടാങ്കുകളിൽ വർണ്ണമത്സ്യങ്ങളെ നിഷേപിച്ച് കാത്തുനിൽക്കുന്ന ഒരു ഫ്രീക്കൻ പയ്യനെ കാണാം. ഒരു പുതിയ സംരംഭകനാണ് ഇദ്ദേഹം. പേര് മുഹമ്മദ് ഹസൻ. ജ്യൂസ് ടാങ്കുകളിൽ നീന്തി തുടിക്കുന്ന വർണ്ണ മത്സ്യങ്ങള്‍ വിൽപ്പനക്കുള്ളവയാണ്. അലങ്കാര മത്സ്യവിപണത്തിലൂടെ മാത്രം ഇരുപതിനായിരം രൂപയോളമാണ് ഈ സംരംഭകൻ നേടുന്നത്. ഫൈറ്റർ ഇനത്തിൽപ്പെട്ട മീനുകളാണ് മുഹമ്മദ് ഹസന്‍റെ ശേഖരത്തിലുള്ളത്. ചെറുപ്പം മുതലേ മീനുകളുമായി ചങ്ങാത്തത്തിലുള്ള പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് ഹസന്‍റെ മീനുകളോടുള്ള അടുപ്പം മനസിലാക്കിയ സഹോദരനാണ് വഴിയോരക്കച്ചവടമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.
200 രൂപ വരെയുള്ള മീനുകൾ ഹസന്‍റെ കൈയിലുണ്ട്. ഫൈറ്ററിന്‍റെ വിവിധ ഇനത്തിൽപ്പെട്ട ഫുൾ മൂൺ, ഹാഫ് മൂണ്‍, ഫുൾ മൂൺ വിത്ത് ഡാമ്പോ ഇയർ എന്നിങ്ങനെ നീളുന്നു വൈവിധ്യങ്ങള്‍. ഒരു ദിവസം 12 പീസുകൾ വരെ വിറ്റുപോകുന്നുണ്ടെന്നാണ് ഹസൻ പറയുന്നത്. മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനം, ബ്രീഡിംഗ് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി പോകുന്നവരുമേറെ. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയിൽ വ്യാപാരം പൊടിപൊടിക്കുമ്പോൾ, ചെറുപ്രായത്തിൽ തന്നെ യുവതലമുറയ്‌ക്ക് മാതൃകയാവുകയാണ് ഈ മിടുക്കൻ.