കോട്ടയം: കോട്ടയത്ത് ജനതാദള്‍ എസില്‍ കൂട്ടരാജി. 35 ഓളം സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളാണ് പാര്‍ട്ടി വിട്ടത്. ജില്ല പ്രസിഡന്‍റിന്‍റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പാർട്ടിയുടെ ഭരണഘടന ലംഘിച്ചാണ് സംഘടന തെരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ഇവരുടെ ആരോപണം.
ഇതിനെതിരെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൂട്ടരാജിയെന്നും നേതാക്കള്‍ വ്യക്തമാക്കി. പാർട്ടിയെ പണയപ്പെടുത്തിയാണ് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഇവര്‍ ആരോപിച്ചു.
30 വർഷമായി അധ്യക്ഷ സ്ഥാനത്തിരുന്ന് ജില്ല പ്രസിഡന്‍റ് എം.റ്റി കുര്യൻ പാർട്ടിയെ നശിപ്പിക്കുകയാണെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ജി സുഗുണൻ ആരോപിച്ചു. അതേസമയം, ഏതു പാർട്ടിയില്‍ ചേരണമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.