കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബീഷ് ആശുപത്രി വിട്ടു. സുബീഷിനെ കാണാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി. ഇന്ന് രാവിലെ 7.30 ഓടെയാണ് സുബീഷിനെ കാണാൻ മന്ത്രി എത്തിയത്.
പൊതു ആരോഗ്യ രംഗത്ത് നിർണായക ചുവടുവെയ്പ്പാണ് കോട്ടയം മെഡിക്കൽ കോളജ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ കോട്ടയം മെഡിക്കൽ കോളജ് സജ്ജമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇത് കൂട്ടായ്‌മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 14 നാണ് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുബീഷ് വിധേയനായത്. തൃശൂര്‍ കുന്നംകുളം സ്വദേശി സുബീഷിന് ഭാര്യ പ്രവിജയാണ് കരൾ പകുത്ത് നൽകിയത്. ശസ്ത്രക്രിയയെ തുടർന്ന് സുഖം പ്രാപിച്ച പ്രവിജയെ നേരത്തെ ഡിസ്‌ചാര്‍ജ് ചെയ്‌തിരുന്നു.
മെഡിക്കല്‍ കോളജില്‍ മികച്ച പരിചരണമാണ് ലഭിച്ചതെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും സുബീഷ് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ആകുലതകള്‍ മാറിയെന്നും ഇപ്പോള്‍ ആശ്വാസമുണ്ടെന്നും പ്രവിജ പ്രതികരിച്ചു. ദീർഘകാലം തുടർപരിശോധന ആവശ്യമായതിനാൽ ഇരുവരും മെഡിക്കൽ കോളജിനു സമീപം വാടകയ്ക്ക് എടുത്ത വീട്ടിലാകും താമസിക്കുക.
കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ
കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയയാണിത്. ഇതിന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ടുണ്ട്. പൂർണമായും സർക്കാർ ചെലവിൽ ആയിരുന്നു ശസ്ത്രക്രിയ.
ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ.എസ് സിന്ധു, മെഡിക്കൽ കോളേജ് പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം പ്രൊഫസറുമായ ഡോ. കെ.പി ജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
Read more: എന്‍റെ കരളേ..! പ്രണയ ദിനത്തിലെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയം; ഭാര്യയുടെ കരള്‍ ഭര്‍ത്താവിന്