കോട്ടയം: കനത്ത മഴയില്‍ തകർന്നടിഞ്ഞ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം ഐമനം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ആറ്റ് പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറാണ് ശക്തമായ മഴയിലും കാറ്റിലും തകര്‍ന്നത്. ഒടിഞ്ഞ് വീണ ട്രാൻസ്ഫോര്‍മര്‍ സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ മുന്നോട്ട് വച്ചിരുന്നു. ട്രാൻസ്ഫോര്‍മര്‍ ഒടിഞ്ഞുവീണതോടെ പ്രദേശത്തെ മുന്നൂറോളം വീടുകൾ ഇരുട്ടിലായി. നിലവിൽ മറ്റൊരു ട്രാൻസ്ഫോമറിൽ നിന്നും താൽക്കാലിക കണക്ഷൻ നൽകിയാണ് വൈദ്യുതബന്ധം പുനഃസ്ഥാപിച്ചിരിക്കുന്നത്.
കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടത്തിയെങ്കിലും ചില പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ആയിരത്തി എണ്ണൂറോളം ആളുകളെ താമസിപ്പിച്ച പരിപ്പ് സ്‌കൂളിലെ ക്യാമ്പ് വൈദ്യുതിയില്ലാതെ തുടങ്ങാനാകില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധികൃതര്‍ താല്‍കാലിക സംവിധാനത്തില്‍ കണക്ഷന്‍ നല്‍കാന്‍ തയ്യാറായത്. കലക്ടര്‍ക്കുള്‍പ്പെടെ പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.