കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗികാരം ലഭിച്ചതിന് ശേഷമുള്ള കേരള കോൺഗ്രസ് എമ്മിൻ്റെ ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ശേഷം കൂറുമാറിയ ജനപ്രതിനിധികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളും, മുന്നണി പ്രവേശനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കും, കുട്ടനാട് ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചർച്ചയാകും. കോട്ടയത്താണ് യോഗം ചേരുക. കൂറുമാറിയവർക്ക് എതിരായ അച്ചടക്ക നടപടിയാണ് കമ്മറ്റിയുടെ പ്രധാന അജണ്ഡ.
ജോസഫ് പക്ഷത്ത് നിന്ന് മടങ്ങി വരാൻ തയ്യാറാകാത്ത തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിന് കമ്മറ്റി അംഗികാരം നൽകുമെന്നാണ് സൂചന. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചർച്ചകള്‍ക്കും സാധ്യതയുണ്ട്. സ്റ്റിയറിങ് കമ്മറ്റി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് തൊടുപുഴ കോടതിയിൽ ഫയല്‍ ചെയ്ത കേസിനെ മറികടക്കാൻ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.