കോട്ടയം: നവകേരളത്തിലേക്കുള്ള കുതിപ്പിന് പശ്ചാത്തല സൗകര്യ വികസനം അനിവാര്യമാണെന്നും ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ 8 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒട്ടേറെ നവീന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാഴ്‌ചക്കാരല്ല, കാവല്‍ക്കാരാണ് പൊതുജനം
പൊതുജനങ്ങളുമായി ഏറെ അടുത്ത് ഇടപഴകുന്ന പൊതുമരാമത്ത് വകുപ്പ് പൊതുജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. പരാതി പരിഹാരത്തിനായി വകുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രദ്ധേയമായ പുതിയ സംവിധാനങ്ങള്‍ ജനങ്ങളോടൊപ്പം സര്‍ക്കാരുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്.
റോഡു നിര്‍മാണത്തിനു ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുന്നതിലൂടെ മാത്രം പ്രതിവര്‍ഷം മൂവായിരം കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നു. വകുപ്പുകളുടെ ഏകോപനത്തിലുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയായ ഗാന്ധിനഗര്‍- മെഡിക്കല്‍ കോളജ് റോഡ് നാലുവരി പാതയാക്കുന്നതിലൂടെ കാല്‍ നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Also Read: ഒടുവിൽ മനംമാറ്റം; വ്യാപാരികളുമായുള്ള സർക്കാരിന്‍റെ ചർച്ച വെള്ളിയാഴ്‌ച