കോട്ടയം : കറുകച്ചാൽ വെള്ളാവൂരിൽ എട്ടുവയസുകാരനെ രക്ഷിതാക്കൾ മർദിച്ചതായി പരാതി. വെള്ളാവൂർ കുളക്കോട്ടുകുന്നേൽ ബിജു- ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ചൈൽഡ്‌ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച രാത്രിയിലായിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിലെ മോട്ടോർ കേടാക്കി എന്ന പരാതിയെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ വടികൊണ്ട് മർദിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇത് തടഞ്ഞ് വിവരം പഞ്ചായത്തംഗത്തെയും വനിതാശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചു.
ALSO READ: ആയുധങ്ങളും ബിയർ കുപ്പികളുമായി ആക്രമണം; മധ്യവയസ്‌കയ്ക്ക് പരിക്ക്
ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈൽഡ്‌ലൈൻ അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടി ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി. സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ്‌ലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്.