കോട്ടയം: ചിങ്ങവനം മാവിളങ്ങിൽ എക്‌സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. അസം സ്വദേശിയുടെ വീട്ടിൽ നിന്ന് ഏട്ട് കിലോയോളം കഞ്ചാവ് പിടികൂടി. സോനിപൂർ ലഖോപാറ ദേഖിയാൻജുലി ആനന്ദദാസിനെ(28) എക്‌സൈസ് അറസ്റ്റ് ചെയ്‌തു. ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്.
ആന്ധ്രയിൽ കഞ്ചാവിന്‍റെ വിളവെടുപ്പ് കാലമാണെന്നും കഞ്ചാവ് വിതരണം ശക്തമായേക്കാമെന്നും എക്‌സൈസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ചിങ്ങവനം മാവിളങ്ങ് ഭാഗങ്ങളിൽ എക്‌സൈസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ അന്വേഷണത്തിലാണ് ആനന്ദ ദാസിനെപ്പറ്റി വിവരം ലഭിക്കുന്നത്.
ചിങ്ങവനം, കോട്ടയം നാഗമ്പടം, ചങ്ങനാശേരി പ്രദേശങ്ങളിൽ യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്ന് കണ്ടെത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്‌ച അർധരാത്രി ഒരു മണിയോടെ എക്‌സൈസ് സംഘം ആനന്ദ ദാസിന്‍റെ വീട് വളഞ്ഞാണ് കഞ്ചാവ് കണ്ടെടുത്തത്.
ALSO READ: വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരം; വെന്‍റിലേറ്റര്‍ സഹായം തുടരുന്നു, 48 മണിക്കൂർ നിർണായകം