എറണാകുളം: ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. കലൂർ, ചിറ്റൂർ റോഡ്, മേനക, എറണാകുളം സൗത്ത് ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. എം.ജി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി.
ഇത് മൂലം ഹൈക്കോടതിയുടെ പ്രവർത്തനം തുടങ്ങാൻ മുക്കാൽ മണിക്കൂറോളം വൈകി. സാധാരണ വെള്ളമുയരാത്ത മേനക ജങ്‌ഷനിൽ ഉൾപ്പെടെ വെളളമുയർന്നതോടെ യാത്രക്കാരും വ്യാപാരികളുമാണ് ദുരിതത്തിലായത്. നഗരത്തിലെ പല ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്‌ച(04.08.2022) വരെ തീവ്ര മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്ന് മഴയ്‌ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ സജീവമാക്കുന്നത്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.