എറണാകുളം: കേരളത്തിലെ ലൗ ജിഹാദ് ക്രിസ്‌ത്യന്‍ സമുദായത്തിന് ഭീഷണിയാണെന്ന സിറോ മലബാർ സഭ സിനഡിന്‍റെ പ്രസ്‌താവന തള്ളി എറണാകുളം അങ്കമാലി അതിരൂപത. പൗരത്വ നിയമ ഭേദഗതിക്കെതിരായ സഭാ നിലപാടിൽ ആത്മാർത്ഥതയില്ലെന്നും അതിരൂപത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു. മതരാഷ്‌ട്രീയത്തിന്‍റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോൾ ലൗ ജിഹാദ് ആരോപണമുന്നയിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. കൃത്യമായ അന്വേഷണത്തിന് ശേഷം കേരള ഹൈക്കോടതി ലൗ ജിഹാദ് ആരോപണം തള്ളിയതാണ്. സുപ്രീം കോടതി നിർദേശപ്രകാരം എൻ.ഐ.എ അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചിട്ടില്ല. എത്രയോ ഹിന്ദു, മുസ്ലിം ആൺകുട്ടികളും പെൺകുട്ടികളും പ്രണയത്തിന്‍റെ പേരിൽ ക്രൈസ്‌തമതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് എടുത്തിട്ടുണ്ടോയെന്ന ചോദ്യവും സത്യദീപം ഉന്നയിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയും ലൗ ജിഹാദും കൂട്ടി ചേർക്കാമോയെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനെയും ചോദ്യം ചെയ്യുന്നു. പി.ഒ.സി ഡയറക്‌ടര്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ആർ.എസ്.എസ് പത്രത്തിൽ ലേഖനമെഴുതിയത് ആശങ്കയുളവാക്കുന്നതാണ്. മതേതര നിലപാട് സ്വീകരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ നയിക്കുന്ന കത്തോലിക്ക സഭയ്ക്ക് കേരളത്തിൽ എന്താണ് സംഭവിക്കുനതെന്ന ആശ്ചര്യവും സത്യദീപം പ്രകടിപ്പിക്കുന്നു. വിവാദ ഭൂമി ഇടപാട്, ജനാഭിമുഖ കുർബാന എന്നിവയ്ക്ക് പുറമെ പൗരത്വ നിയമ ഭേദഗതി, ലവ് ജിഹാദ് വിഷയത്തിലും എറണാകുളം അങ്കമാലി അതിരൂപത, സിറോ മലബാർ സഭയെ പരസ്യമായി തള്ളി പറയുകയാണന്ന് വ്യക്തമാക്കുന്നത് കൂടിയാണ് സത്യദീപത്തിലെ ലേഖനം.