എറണാകുളം: കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് സമീപം വഞ്ചിസ്വയറിലാണ് പോക്‌സോ നിയമ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാമ്പയിന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഉദ്ഘാടനം ചെയ്‌തു. ചടങ്ങില്‍ സിനിമ താരം മാളവിക നായര്‍ മുഖ്യാതിഥിയായി. 'കുഞ്ഞേ നിനക്കായി' എന്ന് പേര് നല്‍കിയിരിക്കുന്ന ക്യാമ്പയിന്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാനാണ് തീരുമാനം.
പോക്‌സോ നിയമങ്ങളെ കുറിച്ച് മാതാപിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുക എന്നതാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സമൂഹത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അവരെ സംരക്ഷിക്കാനും ആക്രമണങ്ങള്‍ തടയാനും ഇതിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.പി ജി.പൂങ്കുഴലി, എ.സി.പി കെ.പി. ഫിലിപ്പ്, ഡി.സി.പി പി.എന്‍. രമേഷ് കുമാര്‍, തൃക്കാക്കര എസ്.പി ആര്‍ വിശ്വനാഥ്, ഡി.സി.ആര്‍.ബി എ.സി.പി ടി.ആര്‍ രാജേഷ്, സിറ്റി എ.സി.പി കെ.ലാല്‍ജി എന്നിവര്‍ പങ്കെടുത്തു. ക്യാമ്പയിന്‍ നാളെ അവസാനിക്കും.