എറണാകുളം : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിൽ ടി.ഒ സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെയെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയിൽ സൂരജിന് നിർണായക പങ്കുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വിജിലന്‍സിന്‍റെ വിശദീകരണം
മേൽപ്പാലം നിർമാണത്തിൽ 14.30 കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്. ടി.ഒ സൂരജിന്‍റെ മകന്‍റെ ചില ഭൂമി ഇടപാടുകൾ ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിച്ചാണ് സൂരജിനെതിരെ കേസെടുത്തതെന്നും വിജിലൻസ് ഹൈക്കോടതിയെ ധരിപ്പിച്ചു.
പ്രതിയാക്കിയതിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്.
ടി.ഒ സൂരജിന്‍റെ ഹര്‍ജി
തനിക്കെതിരായ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു ടി.ഒ സൂരജിന്‍റെ ആവശ്യം. പ്രതിയാക്കിയതും അറസ്റ്റ് ചെയ്‌തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.
Also read: പാലാരിവട്ടംപാലം അഴിമതി : എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.ഒ സൂരജ് ഹൈക്കോടതിയിൽ
അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് കേസെടുത്തതെന്നും ഈ സാഹചര്യത്തിൽ ആ നടപടി നിലനിൽക്കില്ലെന്നുമാണ് നാലാം പ്രതിയായ ടി.ഒ സൂരജ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
വിവരാവകാശ നിയമപ്രകാരം വിജിലൻസ് ഡിവൈഎസ്‌പി നൽകിയ മറുപടിയിൽ മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നും ടി.ഒ സൂരജ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്താണ് വിജിലൻസ് വിശദീകരണം നൽകിയത്.