എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് ഹൈക്കോടതിയിൽ. ഒരു തരത്തിലുള്ള പരിഗണനയും മോൻസണിന് നൽകുന്നില്ല.
മോൻസണിനെതിരെ ലൈംഗിക പീഡനമടക്കം ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തതായും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മോൻസൺ കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം ശരിയല്ല
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കാര്യക്ഷമതയിൽ സംശയത്തിന് അടിസ്ഥാനമില്ല. ഫലപ്രദവും നിഷ്‌പക്ഷവുമായ അന്വേഷണമാണ് നടക്കുന്നത്. പരാതി കിട്ടി രണ്ട് ദിവസത്തിനകം മോൻസണിനെ അറസ്റ്റ് ചെയ്‌തു.
മകളുടെ വിവാഹ നിശ്ചയത്തിന്‍റെ അന്നുതന്നെയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടെന്ന ആരോപണം ശരിയല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
സെപ്‌റ്റംബർ 26 മുതൽ മോൻസൺ റിമാൻഡിലാണ്. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്. മോൻസണിനെതിരായ കേസിൽ ആരോപണ വിധേയരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പുരാവസ്‌തുക്കൾ കാണുകയെന്ന ലക്ഷ്യം
മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രതിയുടെ വീട് സന്ദർശിച്ചത് പുരാവസ്‌തുക്കൾ കാണുകയെന്ന ലക്ഷ്യത്തോടെയാണ്. 2019ൽ കൊച്ചിയിൽ നടന്ന സുജിത്ത് ദാസ് ഐ.പി.എസിന്‍റെ കല്യാണത്തിൽ പങ്കെടുത്ത ശേഷമായിരുന്നു മോൻസണിന്‍റെ വീട്ടിലെത്തിയത്.
ഈ സമയം മോൻസണിനെതിരായ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ഇല്ലായിരുന്നു. ബെഹ്റ ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹത്തോടൊപ്പം കൂട്ടുപോവുകയായിരുന്നു എ.ഡി.ജി.പി മനോജ് എബ്രഹാം. ഈ സന്ദർശന വേളയിൽ എടുത്ത ചിത്രങ്ങളാണ് മോൻസൺ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
മോൻസൺ മാവുങ്കലിന് യാതൊരു സംരക്ഷണവും പൊലീസ് നൽകിയിട്ടില്ല
മോൻസണിന്‍റെ വീട്ടിലെ പുരാവസ്‌തുക്കൾ ഉൾപ്പടെ കണ്ടതിന് ശേഷമാണ് സംശയം തോന്നിയ എ.ഡി.ജി.പി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് തേടിയത്. റിട്ടയേർഡ് ഐ.ജി. ലക്ഷ്‌മണ മോൻസണിനെതിരായ കേസ് ആലപ്പുഴ ഡി.വൈ.എസ്.പിയിൽ നിന്നും ചേർത്തല പൊലീസിന് കൈമാറിയ സംഭവത്തിൽ എ.ഡി.ജി.പി ഇടപെടുകയും തീരുമാനം റദ്ദാക്കുകയും ചെയ്‌തിരുന്നു.
മോൻസൺ മാവുങ്കലിന് യാതൊരു സംരക്ഷണവും പൊലീസ് നൽകിയിട്ടില്ല. മോൻസണിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനാണ് കലൂരിലെ വീട്ടിന് മുന്നിൽ പൊലീസ് ബീറ്റ് ബുക്ക് വച്ചത്.
മോൻസണിന്‍റെ മുന്‍ ഡ്രൈവർ അജിത്തിനെ പീഡിപ്പിച്ചിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസ് പീഡനമാരോപിച്ച് അജിത് കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസ് വിശദീകരണം നൽകിയത്.
അതേസമയം മോൻസണിന്‍റെ അറിവോടെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് അജിത് സമർപ്പിച്ച ഹര്‍ജി കോടതി വെള്ളിയാഴ്‌ച പരിഗണിക്കും.
READ MORE: പുരാവസ്‌തു തട്ടിപ്പ് കേസ് : മോൻസൺ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ