എറണാകുളം: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്‌തു. മോൻസണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസിലാണ് നടിയെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
മോൻസണിന്‍റെ സഹായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നടിയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്ന് കണ്ടെത്തിയതായാണ് സൂചന. ഇതേ തുടർന്നാണ് മോൻസനുമായി ബന്ധപ്പെട്ട കേസിൽ നടിയെ ചോദ്യം ചെയ്തത്.
മോൻസണിന്‍റെ വീട്ടിൽ നടി നൃത്തം അവതരിപ്പിച്ചിരുന്നു. മോൻസന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു നൃത്ത പരിപാടി. മോൻസനിൽ നിന്ന് ഇവർ ചികിത്സയും തേടിയിരുന്നു എന്നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തല്‍.
അതേസമയം, നടിയും നർത്തകിയുമായ താൻ ക്ഷണപ്രകാരം നൃത്തം അവതരിപ്പിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് നടിയുടെ വിശദീകരണം. മോൻസണിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.