കോതമംഗലം: ചരിത്ര സംഭവമായി രണ്ടാം കൂനൻ കുരിശ് സത്യം. കോതമംഗലം ചെറിയ പള്ളിയിൽ കബറടക്കിയ യൽദോ മാർ ബസേലിയോസ് ബാവാ കാലം ചെയ്‌തപ്പോള്‍ സ്വയം പ്രകാശിച്ചതെന്ന് പറയപ്പെടുന്ന കൽകുരിശിൽ ആലാത്ത് (വടം) കെട്ടി ആയിരക്കണക്കിന് യാക്കോബായ സത്യവിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു.
മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി വിശ്വാസപ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുത്തപ്പോൾ മഴയെ വകവയ്ക്കാതെ കിലോമീറ്ററോളം നിന്ന വിശ്വാസികൾ ഏറ്റുചൊല്ലി. നിലവിലെ സാഹചര്യത്തില്‍ നേരിടുന്ന പീഡനങ്ങൾക്കും സഹനങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഭയും വിശ്വാസികളും.
സഭയിലെ അഭിവന്ദ്യ മെത്രാപ്പോലിത്തമാരായ ഏലിയാസ് മാര്‍ അത്താനാസിയോസ്, ഐസക്ക് മാര്‍ ഒസ്‌താത്തിയോസ്, ഗീവർഗീസ് മാർ ബർന്നബാസ് ഏലിയാസ്, മാർ യൂലിയോസ് പൗലോസ് എന്നിവര്‍ക്കൊപ്പം, എം.എൽ.എമാരായ ആന്‍റണി ജോൺ, എൽദോസ് കുന്നപ്പിള്ളി മറ്റ് സാമൂഹിക സാംസ്കാരിക നായകൻമാർ, കോർ എപ്പിസ്കോപ്പല്‍ പുരോഹിതന്‍മാര്‍ തുടങ്ങിയവരും രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. ആശുപത്രിയിൽ ചികയിത്സയില്‍ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ കല്പനയും ഗ്രിഗോറിയോസ് തിരുമേനി വായിച്ചു.
പതിനേഴാം നൂറ്റാണ്ടിൽ സഭാ വിശ്വാസികള്‍ വേദവിപരീതികളിലും ഭരണാധികാരികളിലും നിന്ന് അതിക്രൂര പീഡനങ്ങളും സഹനങ്ങളും ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് അന്ത്യോഖ്യയിൽ നിന്നുവന്ന അഹത്തുള്ള ബാവായെ കല്ലിൽ കെട്ടി കടലിൽ താഴ്ത്തുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടാഞ്ചേരിയിൽ 1653 ജനുവരി മൂന്നിന് ഒത്തുകൂടിയ വിശ്വാസികളാണ് ഒന്നാം കൂനൻകുരിശ് സത്യം നടത്തിയത്. കുരിശിൽ ആലാത്ത് കെട്ടി നടത്തിയ ‘ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയും സൂര്യചന്ദ്രന്മാരും ഉള്ളിടത്തോളം കാലം അന്ത്യോഖ്യ സത്യവിശ്വാസത്തിൽ നിലകൊള്ളുമെന്ന് സത്യം ചെയ്യുന്നു’ എന്ന ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്ന രണ്ടാം കൂനൻ കുരിശ് സത്യം.