എറണാകുളം: കൊച്ചി മെട്രോയിലേക്ക് കുട്ടികളെ ആകർഷിക്കാർ എം.ജി റോഡ് സ്‌റ്റേഷനില്‍ ഗെയിമിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. കാര്‍ ഗെയിം, ജോക്കര്‍ ഗെയിം, ടോയ് പിക്കിംഗ് ഗെയിം തുടങ്ങിയ ഇനങ്ങളാണ് ഗെയിമിംഗ് സ്റ്റേഷനില്‍ ഉള്ളത്. സ്റ്റേഷനിലെ കസ്റ്റമര്‍കെയറില്‍ പണം അടച്ച് ഗെയിമുകള്‍ കളിക്കാനാകും. ഗെയിമിംഗ് സ്‌റ്റേഷന്‍ ബാലതാരം വൃദ്ധി വിശാലാണ് ഉദ്ഘാടനം ചെയ്‌തത്.
50 രൂപയാണ് ടോയ് പിക്കിംഗ് ഗെയിം ചാര്‍ജ്. രണ്ട് കോയിന്‍ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്‌ടമുള്ള ടോയ്‌സ് സ്വന്തമാക്കാം. ജോക്കര്‍ ഗെയിമിന് രണ്ട് ബോളുകള്‍ക്ക് 10 രൂപയാണ് നിരക്ക്. കളിച്ച് 10 പോയിന്‍റുകള്‍ നേടിയാൽ ഗിഫ്റ്റ് ലഭിക്കും. കാര്‍ റേസിന് 50 രൂപയാണ് നിരക്ക്. അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം. ഗെയിമിംഗ് സെന്‍റര്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ എം.ജി റോഡ് സ്റ്റേഷൻ യാത്രക്കാരെ കൂടുതൽ ആഘർഷിക്കുന്ന കേന്ദ്രമായി മാറുകയാണ്.
പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക് സ്റ്റെയര്‍, കാലുകൊണ്ട് ചവിട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സെല്‍ഫി കോര്‍ണര്‍ തുടങ്ങിയ സൗകര്യങ്ങളും എം ജി റോഡ് മെട്രോ സ്റ്റേഷനിൽ ഇതിനകം സജ്ജമാക്കി. ഇതിന് പുറമെയാണ് കുട്ടികള്‍ക്ക് വിനോദത്തിനുള്ള സൗകര്യവുമൊരുക്കിയത്. ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ യാത്രക്കാർ കുടുംബ സമേതം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദപരിപാടികൾ ഉൾപ്പടെ വാരാന്ത്യങ്ങളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സംഘടിപ്പിച്ചു വരികയാണ്. മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും ഇതോടെ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.