എറണാകുളം: കേരള സർവകലാശാല നടത്തിയ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംവരണ തസ്‌തിക നിശ്ചയിച്ച രീതിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവും റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് നൽകിയത്.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇതിനെതിരായ ഹർജിയിൽ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചായിരുന്നു 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
ALSO READ : 'മോണ്‍സണില്‍' പ്രക്ഷുബ്‌ദമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
വ്യത്യസ്‌ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്‍റ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികളെ സർവകലാശാലയുടെ നടപടി ദോഷകരമായി ബാധിക്കുമെന്നായിരുന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിനെതിരായ സർവകലാശാലയുടെ വാദങ്ങൾ ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.