എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ. അറസ്റ്റ് പാടില്ലെന്ന ഉത്തരവ് നീക്കണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷൻ വാദങ്ങൾ
അന്വേഷണവുമായി ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സഹകരിക്കുന്നില്ല. പ്രതികൾക്ക് ജാമ്യത്തിനർഹതയില്ല. മറ്റു പ്രതികൾക്ക് കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് ലഭിക്കുന്നത്. ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതിയിൽ ഹാജരാക്കാമെന്ന് അറിയിച്ച ഫോണുകളിലൊന്ന് പ്രതി ഹാജരാക്കിയില്ലെന്നും പ്രോസികൃൂഷൻ വാദിച്ചു.
ഫോണുകളുടെ കാര്യത്തിൽ ആശയ കുഴപ്പം സൃഷ്‌ടിക്കുന്നു. ഫോൺവിവരങ്ങൾ സി.ഡി.ആർ. രേഖകളടക്കം പരിശോധിച്ച് അന്വേഷണസംഘം കണ്ടെത്തിയതാണ്. കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതി പറയുന്ന ലാബിൽ പരിശോധിപ്പിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. ഫോണ്‍ പ്രതിക്ക് ഇഷ്‌ടപ്പെട്ട സ്ഥലത്ത് പരിശോധിച്ച് തരാമെന്ന് പ്രതി പറയുന്നത് ക്രിമിനല്‍ കേസിന്‍റെ ചരിത്രത്തില്‍ പോലും കേട്ടിട്ടില്ല. ദിലീപിനെ അറസ്റ്റ് ചെയ്യാൻ തെളിവുണ്ടന്നും കോടതി തടഞ്ഞതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രതികളുടെ എതിർവാദങ്ങൾ
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ വാദം. അന്വേഷണ സംഘത്തിന് കൈമാറിയാൽ ഫോണുകളിൽ തിരിമറി നടത്തുമെന്ന് ഭയപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തനിക്കെതിരെ തെളിവില്ലെന്നും ദിലീപ് വാദിച്ചു. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തന്നെ അറസ്റ്റ് ചെയ്യാൻ ഗൂഢാലോചന നടക്കുന്നു. മാധ്യമവിചാരണയാണ് ഇപ്പോൾ നടക്കുന്നത്. തന്‍റെ വീട്ടിലെ പുരുഷന്മാരെയെല്ലാം പ്രതി ചേർത്തിരിക്കുകയാണ്. അമ്മയുൾപ്പടെയുളള സ്ത്രീകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഫോൺ പരിശോധനക്ക് എന്തിന് തടസം നിൽക്കുന്നുവെന്ന് കോടതി
അതേസമയം ഫോൺ പരിശോധനക്ക് പ്രതികൾ എന്തിന് തടസം നിൽക്കുന്നുവെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അന്വേഷണം തുടരുന്നതിൽ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. ഫോണുകളുടെ പരിശോധന സംബന്ധിച്ച് കോടതി ചൊവ്വാഴ്‌ച തീരുമാനമെടുത്തേക്കും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍റെ ഉപഹർജിയും പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.
READ MORE: ഗൂഢാലോചനക്കേസ്; ദിലീപിന്‍റെ മുൻകൂര്‍ ജാമ്യപേക്ഷ നാളെ വീണ്ടും പരിഗണിക്കും